സഹ്യഗിരിയുടെയുറവകൾ സംസ്-
കാരനിറവുകളരുവികൾ
നിത്യഹരിതവിശാലശാദ്വല-
ഭദ്രമാക്കിയ പൊലിമകൾ
വിസ്തരിച്ചുകഥിച്ചതാരുടെ
വിരൽതലോടിയ കിളിമകൾ
ഒറ്റവാക്കിലവൾക്കു പൂജാ-
പുഷ്പമാണ് 'സപര്യ'
ഗാഥയിൽ രാമായണത്തിൽ
ബോധദീപത്തെളിമയിൽ
കളിവിളക്കിന്നൊളിയി, ലാട്ട-
ക്കഥകളിൽ തെയ്യങ്ങളിൽ
തിറകളിൽപ്പൂന്തിരകളിൽ കട-
ലിളകുമോട്ടൻതുള്ളലിൽ
കലകളിൽത്തുയിലുണരുമെൻ മല-
യാളപൂജ 'സപര്യ'
തലയുയർത്തി നിവർന്നൊരീയഭി-
മാനനാടിൻചരിതമേ
നൂറുമേനിവിളഞ്ഞപൊന്നിൻ
ധീരപൈതൃകസുകൃതമേ
സത്യധർമ്മസനാതനപ്പൊരുൾ
മുത്തുപൊഴിയുമുദാരതേ
ഉജ്ജ്വലോദയസൂര്യമംഗള-
പുഷ്പജ 'സപര്യ'
- എസ്. രമേശൻ നായർ